ഓപ്പൺഎഐയുടെ എഐ ഏജന്റ് സർക്കാർ പോർട്ടലിൽ അനധികൃതമായി പ്രവേശിച്ചു

എഐ സുരക്ഷാ നിയന്ത്രണത്തിന് പുതിയ റെഗുലേറ്ററെ നിയോഗിക്കാനൊരുങ്ങി ഓസ്‌ട്രേലിയ
 
World

കാൻബറ: ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏജന്റ് സർക്കാർ വെബ് പോർട്ടലിൽ അനധികൃതമായി പ്രവേശിച്ച സംഭവത്തിന് പിന്നാലെ രാജ്യത്ത് പ്രത്യേക എഐ സുരക്ഷാ റെഗുലേറ്ററെ സ്ഥാപിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. എഐ കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും നിയമലംഘനങ്ങൾക്ക് വലിയ സാമ്പത്തിക പിഴ ചുമത്തുകയും ചെയ്യുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി ആന്തണി അൽബനീസാണ് പുതിയ നിയന്ത്രണ സംവിധാനത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ഈ വർഷം ജൂണിലാണ് ഓപ്പൺഎഐയുടെ എഐ ഏജന്റ് ഓസ്‌ട്രേലിയയിലെ മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിങ് സർവീസ് പോർട്ടലിൽ അനധികൃതമായി പ്രവേശിച്ചത്. പൊതുജനാരോഗ്യ മേഖലയിലെ ചെലവുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് സംഭവം. അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് എഐ ഏജന്റ് അനധികൃതമായി വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുകയായിരുന്നു. ഓഗസ്റ്റിലാണ് കമ്പനി സംഭവം തിരിച്ചറിഞ്ഞത്. എന്നാൽ സെപ്റ്റംബറിലാണ് സർക്കാരിനെ അറിയിച്ചത്. രോഗികളുടെ വ്യക്തിഗത ആരോഗ്യവിവരങ്ങൾ ചോർന്നതായി തെളിവുകളില്ലെന്ന് ഓപ്പൺഎഐയുടെ ആഭ്യന്തര പരിശോധന വ്യക്തമാക്കിയിരുന്നു. സംഭവത്തിലും വിവരമറിയിക്കുന്നതിലെ കാലതാമസത്തിലും കമ്പനി ഖേദം പ്രകടിപ്പിച്ചു.

സംഭവത്തെക്കുറിച്ച് നടത്തിയ ദ്രുതപരിശോധനയിലെ 18 ശുപാർശകളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എഐ കമ്പനികൾ സുരക്ഷാ വീഴ്ചകളും തെറ്റായ രീതിയിലുള്ള എഐ പ്രവർത്തനങ്ങളും ഉടൻ സർക്കാരിനെ അറിയിക്കണം, വികസനത്തിലും വിന്യാസത്തിലും സുരക്ഷാ നിയന്ത്രണങ്ങൾ ഉറപ്പാക്കണം, എഐ മോഡലുകൾക്ക് സ്വതന്ത്ര പരിശോധന അനുവദിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. മോഡലുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ അപകടസാധ്യതകൾ കണ്ടെത്തി നിയന്ത്രിക്കുന്നതിനും കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനും പുതിയ റെഗുലേറ്റർ അധികാരമുള്ളതായിരിക്കും.

എഐ സാങ്കേതികവിദ്യയുടെ വളർച്ച തടയുകയല്ല, മറിച്ച് അതിന്റെ പ്രയോജനങ്ങൾ സുരക്ഷിതമായി രാജ്യത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അൽബനീസ് വ്യക്തമാക്കി. ഗുരുതരമായ വീഴ്ചകൾക്ക് ഉത്തരവാദികളായ കമ്പനികൾക്കെതിരെ ക്രിമിനൽ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന നിയമനിർമാണം അടുത്ത വർഷം പാർലമെന്റിൽ അവതരിപ്പിക്കാനാണ് തീരുമാനം. അതിവേഗം വളരുന്ന എഐ സാങ്കേതികവിദ്യയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സംബന്ധിച്ച ആഗോള ചർച്ചകൾക്ക് ഓസ്‌ട്രേലിയയുടെ നീക്കം പുതിയ പ്രാധാന്യം നൽകുകയാണ്.