ഡക്കറ്റിനെ പുറത്താക്കിയതിന് പിന്നാലെ അമിത ആഘോഷം; സിറാജിന് ഐസിസി പിഴ ചുമത്തി


ലണ്ടൻ: ലോർഡ്‌സ് ടെസ്റ്റ് മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിഴ ചുമത്തി. ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കിയതിന് പിന്നാലെ സിറാജിന്‍റെ ആഘോഷം അമിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 പ്രകാരം സിറാജിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയതായും ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചതായും ഐസിസി അറിയിച്ചു.
ഓൺ-ഫീൽഡ് അമ്പയർമാരായ പോൾ റീഫൽ, ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ്, തേർഡ് അമ്പയർ അഹ്‌സാൻ റാസ, ഫോർത്ത് അമ്പയർ ഗ്രഹാം ലോയ്ഡ് എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. ടെസ്റ്റിന്‍റെ നാലാം ദിവസം ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
ഡക്കറ്റിനെ പുറത്താക്കിയതിന് ശേഷം സിറാജ് ബാറ്റ്‌സ്മാനുമായി അടുത്തുചെന്ന് ശാരീരികമായി സ്പർശിക്കുന്നത് കണ്ടു, ഐസിസിയുടെ നിരീക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ ആഘോഷം സ്വീകാര്യമായ പരിധികൾ കവിഞ്ഞു.
ഒരു അന്താരാഷ്ട്ര മത്സരത്തിൽ ബാറ്റ്സ്മാൻ പുറത്താകുമ്പോൾ അനുചിതമായ ശാരീരിക സമ്പർക്കം അല്ലെങ്കിൽ ആക്രമണാത്മകമോ പ്രകോപനപരമോ ആയ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കോഡിന്റെ ആർട്ടിക്കിൾ 2.5 ന്റെ ലംഘനമാണ് ഈ പെരുമാറ്റമെന്ന് കണ്ടെത്തി.
രണ്ട് വർഷത്തിനുള്ളിൽ സിറാജിന് ലഭിക്കുന്ന രണ്ടാമത്തെ ഡീമെറിറ്റ് പോയിന്റാണിത്. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റിനിടെയാണ് ആദ്യത്തേത്. നാലിൽ കൂടുതൽ ഡീമെറിറ്റ് പോയിന്റുകൾ നേടിയാൽ ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് സസ്‌പെൻഷൻ നേരിടേണ്ടിവരും.