അഞ്ച് ജീവനക്കാരുമായി പാകിസ്ഥാൻ ചരക്ക് വിമാനം കാണാതായി
യുഎഇയിലെ ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്സിന്റെ ബോയിങ് 737 ചരക്ക് വിമാനം അഞ്ച് ജീവനക്കാരുമായി അറബിക്കടലിന് മുകളിൽ കാണാതായി. വിമാനത്തിന് നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി പൈലറ്റ് അറിയിച്ചതിന് പിന്നാലെ റഡാറുമായും എയർ ട്രാഫിക് കൺട്രോളുമായും ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഫ്ലൈറ്റ് ഡാറ്റ പ്രകാരം, ബന്ധം നഷ്ടമാകുന്നതിന് മുൻപ് വിമാനം അതിവേഗത്തിൽ ഉയരം കുറയ്ക്കുകയും പിന്നീട് അപ്രതീക്ഷിതമായി വീണ്ടും ഉയരുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അസാധാരണമായ ഉയരമാറ്റമാണ് അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ ദുരൂഹത ഉയർത്തുന്നത്.
സംഭവത്തെ തുടർന്ന് പാകിസ്ഥാൻ നാവികസേന, വ്യോമസേന, മറ്റ് ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ അറബിക്കടലിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. വിമാനം അവസാനമായി കറാച്ചിയിൽ നിന്ന് ഏകദേശം 155 നോട്ടിക്കൽ മൈൽ അകലെ റഡാറിൽ രേഖപ്പെടുത്തിയെന്നാണ് അധികൃതർ അറിയിച്ചത്. അപകടകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.