പരാഗിന്റെ തീപാറുന്ന ഇന്നിംഗ്സ് പാഴായി; രാജസ്ഥാൻ റോയൽസിന് ഒരു റണ്ണിന്റെ തോൽവി

 
Sports
Sports

കൊൽക്കത്ത: രാജസ്ഥാൻ റോയൽസിനെതിരെ നാടകീയമായ വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ മറുപടി ഒരു റൺ അകലെ അവസാനിച്ചു. റോയൽസിന്റെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റിന് 205 റൺസിൽ അവസാനിച്ചു. തോൽവിയോടെ രാജസ്ഥാൻ പ്ലേഓഫ് കാണാതെ പുറത്തായി. അതേസമയം, 11 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി കൊൽക്കത്ത പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തുന്നു.

കൂറ്റൻ സ്കോർ പിന്തുടരുന്ന റോയൽസിന് സ്കോർബോർഡിൽ എട്ട് റൺസ് മാത്രം ചേർത്തതിന് ശേഷം രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വൈഭവ് സൂര്യവംശി 4(2), കുനാൽ സിംഗ് 0(5) എന്നിവരാണ് ആദ്യം പുറത്തായത്. നാലാം നമ്പറിൽ ക്രീസിലിറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗ് 45 പന്തിൽ നിന്ന് എട്ട് സിക്സറുകളും ആറ് ഫോറുകളും ഉൾപ്പെടെ 95 റൺസ് നേടി റോയൽസിന് പ്രതീക്ഷ നൽകി.

മൂന്നാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 34(21) റൺസ് നേടിയ പരാഗ് 58 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജയ്‌സ്വാൾ പുറത്തായതിന് ശേഷം ധ്രുവ് ജുറൽ 0(1), വാണിന്ദു ഹസരംഗ 0(2) എന്നിവർ നിരാശപ്പെടുത്തി. ഷിംറോൺ ഹെറ്റ്മെയർ 29(23) ഉം ശുഭം ദുബെ 25*(14) ഉം അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയം ഒരു റണ്ണിന് നഷ്ടപ്പെട്ടു. ജോഫ്ര ആർച്ചർ 12(8) റൺസ് നേടി അവസാന പന്തിൽ റണ്ണൗട്ടായി.

കൊൽക്കത്തയ്ക്കായി മോയിൻ അലി വരുൺ ചക്രവർത്തിയും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറയ്ക്ക് ഒരു വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. ആന്ദ്രെ റസ്സൽ 57*
(25), അങ്ക്‌ക്രിഷ് രഘുവംഷി 44 (31), അജിങ്ക്യ രഹാനെ 30 (24), റഹ്മാനുള്ള ഗുർബാസ് 35 (25) എന്നിവർ കെകെആറിന് മികച്ച സ്‌കോർ സമ്മാനിച്ചു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, യുധ്വിർ സിംഗ്, മഹിഷ തീക്‌ന, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.