കുട്ടികളുടെ പാസ്‌പോർട്ടിന് മാതാപിതാക്കളുടെ പൗരത്വ രേഖകളും ആവശ്യപ്പെട്ടേക്കും; അമേരിക്കയിൽ പുതിയ നിർദേശം

 
World

വാഷിങ്ടൺ: കുട്ടികൾക്ക് അമേരിക്കൻ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടിവരുന്ന പുതിയ നിർദേശം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പരിഗണിക്കുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട പുതിയ നടപടികളുടെ ഭാഗമായാണ് നിർദേശം. 

നിർദേശം പ്രാബല്യത്തിൽ വന്നാൽ, കുട്ടിയുടെ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ തങ്ങളുടെ അമേരിക്കൻ പൗരത്വം തെളിയിക്കുന്ന രേഖകൾ നൽകേണ്ടിവരും. അമേരിക്കൻ പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇതിന് ഉപയോഗിക്കാനാകും.

അമേരിക്കൻ പൗരന്മാരല്ലാത്ത മാതാപിതാക്കൾക്ക് അവരുടെ നിയമപരമായ കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടിവന്നേക്കും. സ്ഥിരതാമസ കാർഡ്, ഐ-94 പോലുള്ള രേഖകൾ ഇതിൽ ഉൾപ്പെടാം. 

കുട്ടിക്ക് അമേരിക്കൻ പൗരത്വത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് മാതാപിതാക്കളുടെ രേഖകൾ കൂടി പരിശോധിക്കാൻ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ ഇത് നിലവിൽ അന്തിമമായി നടപ്പാക്കിയ നിയമമല്ല; സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശ ഘട്ടത്തിലാണ്. 

നിലവിലെ പാസ്‌പോർട്ട് നടപടികളിൽ കുട്ടിയുടെ അമേരിക്കൻ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. അമേരിക്കയിൽ ജനിച്ച കുട്ടികൾക്ക് സാധാരണയായി അമേരിക്കൻ ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളാണ് ഉപയോഗിക്കുന്നത്.