ഞാൻ കുറ്റവാളിയാണോ എന്ന് ആളുകൾ ചോദിച്ചു'; പി.എസ്.സി ബുള്ളറ്റിൻ പിഴവിൽ നിയമനടപടിക്കൊരുങ്ങി തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി

 
Enter

കേരള പി.എസ്.സി ബുള്ളറ്റിനിൽ സ്വന്തം ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി. ഈ പിഴവ് കാരണം പലരും തന്നെ കുറ്റവാളിയാണോയെന്ന് ചോദിച്ചെന്നും സംഭവം തന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. 

2025-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ഷുഹൈബ് വധക്കേസിലെ പ്രതിയും മുൻ സി.പി.എം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പി.എസ്.സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചത്. പേര് ശരിയായിരുന്നെങ്കിലും ചിത്രം തെറ്റായി ഉൾപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. 

പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പി.എസ്.സി ഇ-ബുള്ളറ്റിനിൽ ചിത്രം തിരുത്തുകയും പിന്നീട് പ്രസിദ്ധീകരിച്ച പതിപ്പിൽ ശരിയായ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജേഷ് തില്ലങ്കേരി ആവശ്യപ്പെട്ടു. 

പി.എസ്.സി ബുള്ളറ്റിൻ മത്സരപരീക്ഷകൾക്കായി ഉദ്യോഗാർഥികൾ വ്യാപകമായി ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമായതിനാൽ ഇത്തരം പിഴവുകൾ അംഗീകരിക്കാനാവില്ലെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. സംഭവത്തിൽ നഷ്ടപരിഹാരവും മറ്റ് നിയമനടപടികളും തേടി കോടതിയെ സമീപിക്കാനാണ് രാജേഷ് തില്ലങ്കേരിയുടെ തീരുമാനം.