‘എന്നിലുള്ള വിശ്വാസം ആളുകൾക്ക് കുറഞ്ഞുവരികയായിരുന്നു’

പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ വിജയാഘോഷത്തിൽ വികാരാധീനയായി പാർവതി തിരുവോത്ത്
 
Entertainment

‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ വിജയാഘോഷവേളയിൽ വികാരാധീനയായി നടി പാർവതി തിരുവോത്ത്. ഒരു ഘട്ടത്തിൽ തന്നിലുള്ള വിശ്വാസം ആളുകൾക്ക് കുറഞ്ഞുവരികയായിരുന്നുവെന്നും അപ്പോഴാണ് സംവിധായകൻ ഷഹാദ് നിലമ്പൂർ തനിക്ക് ഈ കഥാപാത്രം നൽകാൻ തയ്യാറായതെന്നും താരം പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച സംവിധായകനോടും നിർമാണസംഘത്തോടും പാർവതി നന്ദി അറിയിച്ചു.

ചിത്രത്തിന്റെ വിജയാഘോഷം തനിക്ക് ഒരു പൊതുപരിപാടിയായി തോന്നുന്നില്ലെന്നും വീണ്ടും സിനിമയുടെ സെറ്റിൽ തിരിച്ചെത്തിയതുപോലെയാണ് അനുഭവപ്പെടുന്നതെന്നും പാർവതി പറഞ്ഞു. ചിത്രീകരണത്തിനിടെ 18 മുതൽ 20 മണിക്കൂർ വരെ നീണ്ടുനിന്ന ദിവസങ്ങളുണ്ടായിരുന്നു. അന്ന് ഇത്രയധികം കഠിനാധ്വാനം വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ പിന്നോട്ടുനോക്കുമ്പോഴാണ് ഓരോരുത്തരുടെയും പരിശ്രമം മനസ്സിലാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിലൂടെ നടി ഉണ്ണിമായ പ്രസാദുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദം ലഭിച്ചുവെന്നും സിദ്ധാർഥ് ഭരതനുമായുള്ള സെറ്റിലെ സംഭാഷണങ്ങൾ പലപ്പോഴും ചർച്ചകളായും സംവാദങ്ങളായും മാറിയിരുന്നുവെന്നും പാർവതി പറഞ്ഞു. വിജയരാഘവന്റെ സാന്നിധ്യവും പിന്തുണയും ചിത്രീകരണവേളയിൽ വലിയ ആശ്വാസമായിരുന്നുവെന്നും താരം ഓർത്തെടുത്തു.

ചിത്രത്തിൽ അലീന എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് പാർവതി അവതരിപ്പിച്ചത്. എന്നാൽ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമല്ല, അമ്മ കൂടിയാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞതും ആ വശത്തെ സ്നേഹത്തോടെ സ്വീകരിച്ചതും തന്നെ സന്തോഷിപ്പിച്ചുവെന്ന് താരം പറഞ്ഞു. അമ്മയുടെ വികാരങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ സംവിധായകൻ ഷഹാദിനും തിരക്കഥാകൃത്തുക്കൾക്കും കഴിഞ്ഞതായും പാർവതി അഭിപ്രായപ്പെട്ടു.

സംവിധായകന്റെ മുൻചിത്രം പ്രതീക്ഷിച്ച വിജയം നേടാതിരുന്ന സാഹചര്യത്തിലും പുതിയൊരു വിഭാഗത്തിലുള്ള സിനിമയുമായി മുന്നോട്ടുപോകാനും തന്നിൽ വിശ്വാസമർപ്പിക്കാനും ഷഹാദ് തയ്യാറായത് വലിയൊരു തീരുമാനമായിരുന്നുവെന്ന് പാർവതി പറഞ്ഞു. തന്നോടൊപ്പം പ്രവർത്തിക്കുന്നതും ഒരു റിസ്കായിരുന്നുവെന്നും നിർമാണസംഘവും ആ തീരുമാനത്തിന് പിന്തുണ നൽകിയെന്നും താരം വ്യക്തമാക്കി. ഇത്തരം അവസരങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കുമെന്നും പാർവതി കൂട്ടിച്ചേർത്തു.