കപട പരിസ്ഥിതി വാദത്തിനെതിരെയുള്ള പ്രതിജ്ഞ

ടീം കിഫ, കാട്ടിൽമതികാട്ടുനീതി
 
EVN

മരങ്ങൾ ഓക്സിജന്റെ പ്രധാന ഉറവിടമാണെന്നും, മരങ്ങൾ നട്ടുമാത്രം പ്രകൃതിയെ സംരക്ഷിക്കാമെന്നുമുള്ള പൊതുബോധം  തെറ്റാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മറിച്ച് ഭൂമിയിലെ അന്തരീക്ഷ ഓക്സിജന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് കടലിലെ ആൽഗകളാണെന്ന യാഥാർത്ഥ്യം ഞങ്ങൾ തിരിച്ചറിയുന്നു. 

10 ലിറ്റർ പെട്രോൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺഡയോക്സൈഡേ ഒരു മരം ഒരു വർഷം ആഗിരണം  ചെയ്യുന്നുള്ളൂ എന്ന ശാസ്ത്രീയ സത്യം ഞങ്ങൾ തിരിച്ചറിയുന്നു.

അന്ധമായ വനവൽക്കരണ വാദത്തെക്കാൾ, നഗരങ്ങളിലെ മാലിന്യം ഓടകളിലൂടെയും, തോടുകളിലൂടെയും നദികളിലേക്കും, കായലുകളിലേക്കും ഒടുവിൽ സമുദ്രത്തിലേക്കും ഒഴുക്കിവിടുന്ന അശാസ്ത്രീയമായ നഗരവൽക്കരണത്തെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. 

നഗരങ്ങളിൽ എസിയുടേയും, കോൺക്രീറ്റ്   കെട്ടിങ്ങളുടെയും സുഖലോലുപതയിൽ മുഴുകി ജീവിക്കുന്ന ഒരുകൂട്ടം കപട പരിസ്ഥിതിവാദികളാണ് ഇത്രയും കാലം പൊതുസമൂഹത്തെ തെറ്റായ പരിസ്ഥിതി ബോധം നൽകി വഴിതെറ്റിച്ചിരുന്നത് എന്ന്  ഞങ്ങൾ തിരിച്ചറിയുന്നു. 

ഇത്തരക്കാർ ഉണ്ടാക്കി വിടുന്ന ഹരിതവാതകങ്ങളുടെയും, പാരിസ്ഥിതിക മാലിന്യങ്ങളുടെയും പാപഭാരം സാധാരണക്കാരായ, അരികു വൽക്കരിക്കപ്പെട്ട കർഷകരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള തന്ത്രമായിരുന്നു ഇത്തരം പ്രചരണങ്ങൾ  എന്ന സത്യവും ഞങ്ങൾ മനസ്സിലാക്കുന്നു.

ഇനിയൊരിക്കലും അശാസ്ത്രീയവും കാല്പനികവുമായ പരിസ്ഥിതിവാദത്തെ പിന്തുണയ്ക്കില്ലെന്നും, ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രയത്നിക്കുമെന്നും ഈ പരിസ്ഥിതി ദിനത്തിൽ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.