വിദ്യാർഥികൾക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് മോദി; മഹാത്മാഗാന്ധിക്ക് രാജ്യം ആദരവ് അർപ്പിക്കുന്നു

 
modi
modi

ന്യൂഡൽഹി: അഹിംസയുടെയും ശുചിത്വത്തിൻ്റെയും ആശയങ്ങൾ പ്രതിധ്വനിച്ചുകൊണ്ട് രാജ്യം ഇന്ന് 155-ാമത് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. പ്രസിഡൻ്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നേതാക്കൾ രാജ് ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ രാജ്യത്തെ എല്ലാവരുടെയും പേരിൽ ഞാൻ ബഹുമാനപ്പെട്ട ബാപ്പുവിനെ വണങ്ങുന്നു. സത്യത്തിൻ്റെ ഐക്യത്തിലും സമത്വത്തിലും വേരൂന്നിയ അദ്ദേഹത്തിൻ്റെ ജീവിതവും ആദർശങ്ങളും ഈ രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

സത്യത്തിൻ്റെ അഹിംസയുടെയും സ്നേഹത്തിൻ്റെയും മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിൻ്റെ വികസനത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്ന് തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. സ്വച്ഛ് ഭാരത് മിഷൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 കോടി രൂപയുടെ ശുചിത്വ പരിപാടികൾ പ്രഖ്യാപിച്ചു.

രാജ്ഘട്ടിൽ സർവമത പ്രാർത്ഥനയോടെയാണ് ഗാന്ധിജയന്തി അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. പ്രസിഡൻ്റ് ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കർ ഓം ബിർള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ശാസ്ത്രിയുടെ പൈതൃകത്തിനായി സമർപ്പിച്ചിരിക്കുന്ന സ്മാരകമായ വിജയ് ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു.