അശ്ലീലവും കള്ളപ്പണം വെളുപ്പിക്കലും; ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. അശ്ലീല വീഡിയോകളുടെ നിർമ്മാണവും വിപണനവുമായി ബന്ധപ്പെട്ട കേസുകളിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. മുംബൈയിലെ ജുഹുവിലെ വീടുൾപ്പെടെ 15 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.
കേസുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളുടെ പരാതിയെ തുടർന്ന് 2021ലാണ് വ്യവസായി രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. വെബ് സീരീസുകളിലും സിനിമകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്ത് സിനിമ പ്രേമികളായ യുവതികളെ വശീകരിക്കുകയായിരുന്നു രാജ് കുന്ദ്രയുടെ തന്ത്രം.
ഇതിന് ശേഷം പോൺ സിനിമകളിൽ അഭിനയിക്കാൻ സ്ത്രീകൾ നിർബന്ധിതരാകും. 2021 സെപ്റ്റംബറിൽ യുവതികൾ മുംബൈ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ത്യയിൽ നിർമ്മിച്ച സെക്‌സ് ടേപ്പുകൾ യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്ക് വിൽക്കാൻ ശിൽപയുടെ ഭർത്താവ് ശ്രമിച്ചിരുന്നു.
വിദേശത്ത് നീലച്ചിത്രങ്ങൾ വിറ്റ് കുന്ദ്ര പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. ഹോട്ട് ഷോട്ട്സ് എന്ന ആപ്പ് വഴിയാണ് രാജ് കുന്ദ്ര തൻ്റെ പ്രൊഡക്ഷനുകൾ വിറ്റിരുന്നത്. ആപ്പ് പിന്നീട് ഒരു വിദേശ കമ്പനിക്ക് വിറ്റു.
ഈ കള്ളപ്പണത്തിൻ്റെ ഉറവിടം മറയ്ക്കാനാണ് ആപ്പിൻ്റെ ഉടമസ്ഥാവകാശം കൈമാറിയതെന്നാണ് ഇഡി കണ്ടെത്തിയത്. പ്രൊഡക്ഷൻ കമ്പനിയായ ആംസ് പ്രൈം മീഡിയ ലിമിറ്റഡിനെ കുറിച്ചും ഹോട്ട്ഷോട്ട്സ് എന്ന ആപ്പിനെ കുറിച്ചും അവർ നിർണായക വിവരങ്ങൾ കണ്ടെത്തി.
2019-ൽ ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ് വഴി ആരംഭിച്ച കമ്പനിയിലൂടെ രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായി ഇഡി കണ്ടെത്തി.
ആപ്പിളിലും ഗൂഗിളിലും ലഭ്യമായിരുന്ന ആപ്പ് പിന്നീട് യുകെ ആസ്ഥാനമായുള്ള കെൻറിൻ എന്ന കമ്പനിക്ക് വിറ്റു. 119 അശ്ലീല ചിത്രങ്ങൾ 1.2 മില്യൺ ഡോളറിന് വിൽക്കാൻ ശ്രമിച്ചതായി നിർണായക രേഖകൾ കണ്ടെത്തി.