പ്രീതി സിന്റയുടെ ഡീപ്‌ഫേക്ക് കേസ്; വ്യാജ വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും നീക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

 
Entertainment

ബോളിവുഡ് നടി പ്രീതി സിന്റയുടെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് നിർമിച്ച ഡീപ്‌ഫേക്ക് വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവിട്ടു. ഇത്തരം ഉള്ളടക്കങ്ങൾ വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളെയും വ്യക്തിത്വാവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. 

പ്രീതി സിന്റ സമർപ്പിച്ച ഹർജിയിൽ, 275-ഓളം വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, അനുമതിയില്ലാതെ തയ്യാറാക്കിയ ചാറ്റ്ബോട്ട് ഉള്ളടക്കങ്ങൾ എന്നിവ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇടനിലക്കാരായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പൗരന്മാരുടെ അടിസ്ഥാന അവകാശ ലംഘനത്തിന് അവരും ഉത്തരവാദികളാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ പ്രീതി സിന്റയ്ക്ക് ഇടക്കാല ആശ്വാസവും കോടതി അനുവദിച്ചു.