ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് തകർന്നു; രണ്ട് പൈലറ്റുമാർ മരിച്ചു

 
World
World
ലാ റോമാന: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലാ റോമാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനിടെ സ്വകാര്യ ജെറ്റ് തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. വിമാനത്തിലുണ്ടായിരുന്നത് പൈലറ്റും സഹപൈലറ്റും മാത്രമാണെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. 
അമേരിക്കൻ രജിസ്ട്രേഷനുള്ള ഗൾഫ്‌സ്ട്രീം G200 എക്സിക്യൂട്ടീവ് ജെറ്റ് ലാ റോമാനയിൽ നിന്ന് അമേരിക്കയിലെ ടെക്സാസിലെ ഓസ്റ്റിനിലേക്കുള്ള യാത്രയ്ക്കിടെയാണ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയായിരുന്നു. 
റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെടുത്തി തെന്നിമാറുകയും തുടർന്ന് തീപിടിച്ച് വൻ അഗ്നിഗോളമായി മാറുകയും ചെയ്തതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. 
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. വിമാനത്തിലെ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന കാര്യം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചതായി ഡൊമിനിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 
അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.