മിസ് യൂണിവേഴ്സ് 2026 കിരീടം സ്വന്തം മണ്ണിൽ നേടി പ്യൂർട്ടോ റിക്കോ
മിസ് യൂണിവേഴ്സ് 2026 കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. സ്വന്തം രാജ്യത്ത് നടന്ന മത്സരത്തിലാണ് ജെന്നിഫർ നേട്ടം കൈവരിച്ചത്. ഇതോടെ മിസ് യൂണിവേഴ്സ് ചരിത്രത്തിൽ പ്യൂർട്ടോ റിക്കോയുടെ ആറാമത്തെ കിരീടമായി ഇത് മാറി. മത്സരത്തിന്റെ 75-ാം പതിപ്പിനാണ് പ്യൂർട്ടോ റിക്കോ ആതിഥേയത്വം വഹിച്ചത്.
സാൻ ജുവാനിലെ ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് ഫൈനൽ മത്സരം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 116 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ഫിലിപ്പീൻസ്, ന്യൂസിലൻഡ്, വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരും അവസാന അഞ്ചിൽ ഇടംപിടിച്ചു. ആതിഥേയ രാജ്യത്തിന്റെ പ്രതിനിധിയായ ജെന്നിഫറിന്റെ വിജയം കാണികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി.
മിസ് യൂണിവേഴ്സ് കിരീടം നേടിയ പ്യൂർട്ടോ റിക്കോയുടെ മുൻ വിജയികളിൽ മരിസോൾ മലാരെറ്റ് (1970), ഡെബോറ കാർത്തി-ഡ്യൂ (1985), ദയനാര ടോറസ് (1993), ഡെനിസ് ക്വിനോൺസ് (2001), സുലെയ്ക റിവേര (2006) എന്നിവർ ഉൾപ്പെടുന്നു. 20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രാജ്യത്തിന് വീണ്ടും കിരീടം ലഭിക്കുന്നത്.
75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകമായി രൂപകൽപ്പന ചെയ്ത കിരീടമാണ് വിജയിക്ക് സമ്മാനിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിച്ച കിരീടം ജോർജ് വിറ്റൽസും മൈസൺ ഡി ഓറും ചേർന്നാണ് ഒരുക്കിയത്.