ഇന്ത്യയിൽ അയൺ ഡോം മിസൈലുകൾ നിർമിക്കാൻ റാഫേൽ; ആഗോള കയറ്റുമതിയും ലക്ഷ്യമിട്ട് ഇസ്രയേൽ
ഇസ്രയേൽ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ഇന്ത്യയിൽ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിലെ 'തമിർ' ഇന്റർസെപ്റ്റർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തേകുന്നതിനൊപ്പം ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയും ലക്ഷ്യമിട്ടാണ് നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നത് വഴി ഉൽപാദനച്ചെലവ് കുറയ്ക്കാനും, നിലവിലുള്ള ഇസ്രയേൽ-അമേരിക്ക നിർമാണശാലകൾക്ക് ബദൽ വിതരണ ശൃംഖല ഒരുക്കാനും റാഫേലിന് സാധിക്കും. കൂടാതെ, ചില രാജ്യങ്ങളിൽ ഇസ്രയേൽ ഉൽപന്നങ്ങൾ നേരിട്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തടസ്സങ്ങൾ മറികടന്ന് ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ-ഇസ്രയേൽ പ്രതിരോധ സഹകരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത ഉൽപാദനം, പുതിയ സൈനിക സാങ്കേതികവിദ്യകളുടെ വികസനം, അടിയന്തര സാഹചര്യങ്ങളിലെ സഹകരണം എന്നിവയും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ പദ്ധതിയെക്കുറിച്ച് റാഫേലോ ഇന്ത്യൻ സർക്കാരോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.