സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്

 
Rain

തിരുവനന്തപുരം: എറണാകുളം, കൊല്ലം ജില്ലകളില്‍ കനത്ത മഴ. പലയിടങ്ങളിലും വെള്ളക്കെട്ട്.കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍‌ക്ക് പരിസരത്തും വെള്ളം കയറി. സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍  ഗതാഗതക്കുരുക്കാണ് .   

ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണു.  ആര്‍ക്കും പരുക്കില്ല .ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണു .നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ആറു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അധികൃതർ അടച്ചു

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന്  മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.