രാജേന്ദർ മേഘ്വാർ പാകിസ്ഥാനിലെ ആദ്യത്തെ ഹിന്ദു പോലീസ് ഓഫീസറായി ചരിത്രം സൃഷ്ടിച്ചു

 
World

ഇസ്ലാമാബാദ്: പാകിസ്ഥാൻ പോലീസ് സർവ്വീസിലെ ആദ്യത്തെ ഹിന്ദു പോലീസ് ഓഫീസറായി രാജേന്ദർ മേഘ്വാർ ചരിത്രം സൃഷ്ടിച്ചു. നിലവിൽ ഫൈസലാബാദിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയി സേവനമനുഷ്ഠിക്കുന്നു. പാകിസ്ഥാനിൽ ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ തസ്തികകളിൽ ഹിന്ദു സമുദായത്തിൽ നിന്നുള്ളവർ ഉണ്ടെങ്കിലും ഒരു ഹിന്ദു ഇത്രയും ഉയർന്ന തസ്തികയിൽ എത്തുന്നത് ഇതാദ്യമാണ്.

പാക്കിസ്ഥാനിലെ സിന്ധിലെ ബാദിൻ സ്വദേശിയാണ് രാജേന്ദർ. കോംപറ്റീറ്റീവ് സിവിൽ സർവീസസ് പരീക്ഷയിൽ (സിഎസ്എസ്) വിജയിച്ചതിന് ശേഷം പാകിസ്ഥാൻ പോലീസിൻ്റെ ഭാഗമായി. പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്നതിലൂടെ താഴെത്തട്ടിലുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് രാജേന്ദർ പറഞ്ഞു. മറ്റ് വകുപ്പുകളിൽ ഇത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജേന്ദർ മേഘ്‌വാറിൻ്റെ നിയമനം പാകിസ്ഥാൻ പോലീസിൽ കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഹിന്ദു ഉദ്യോഗസ്ഥൻ സേനയുടെ ഭാഗമായതിൽ അവർ സന്തോഷിക്കുന്നു. പോലീസ് സേനയിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

അദ്ദേഹത്തിൻ്റെ നിയമനം വ്യക്തിപരമായ നാഴികക്കല്ല് മാത്രമല്ല, പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിന് അഭിമാനത്തിൻ്റെ നിമിഷവുമാണെന്ന് പാകിസ്ഥാൻ ഹിന്ദു മന്ദിർ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗം കൃഷൻ ശർമ്മ പറഞ്ഞു. രാജ്യത്തെ സിവിൽ സ്ഥാപനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിൻ്റെ സാധ്യതകൾ വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.