‘രണബാലി’ ടീസർ പുറത്ത്; വിജയ് ദേവരകൊണ്ടയുടെ വേറിട്ട ഗെറ്റപ്പിന് കൈയടി

 
Entertainment

വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’യുടെ ടീസർ പുറത്തിറങ്ങി. പത്തൊൻപതാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഭരണകാലത്തെ കർഷകരുടെയും സാധാരണ ജനങ്ങളുടെയും ദുരിതവും അതിനെതിരായ ചെറുത്തുനിൽപ്പുമാണ് ചിത്രം പറയുന്നത്. 1876–78 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമമാണ് കഥയുടെ പ്രധാന പശ്ചാത്തലം. 

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ ഉയർന്നുവരുന്ന പോരാളിയായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്. രൗദ്രഭാവവും ഗ്രാമീണ ശൈലിയിലുള്ള അവതരണവുമാണ് ടീസറിൽ ശ്രദ്ധ നേടുന്നത്. ചരിത്രവും ആത്മീയതയും പ്രതികാരവും ചെറുത്തുനിൽപ്പും സമന്വയിപ്പിച്ച കഥയാണ് ടീസർ സൂചിപ്പിക്കുന്നത്. 

രശ്മിക മന്ദാനയാണ് ചിത്രത്തിൽ ജയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റണബാലിയുടെ ഭാര്യയും പോരാട്ടത്തിലെ പങ്കാളിയുമായാണ് രശ്മിക എത്തുന്നത്. വിജയ് ദേവരകൊണ്ടയും രശ്മികയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘രണബാലി’ക്കുണ്ട്. 

ഹോളിവുഡ് താരം അർണോൾഡ് വോസ്ലൂവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടീഷ് അധികാരിയായ സർ തിയഡോർ ഹെക്ടറായാണ് അദ്ദേഹം അഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ പുതിയ അവതാരത്തിനും അർണോൾഡ് വോസ്ലൂവിന്റെ കാസ്റ്റിങ്ങിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ദസറയ്ക്ക് മുന്നോടിയായി ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നിലവിലെ അറിയിപ്പ്. ചരിത്ര പശ്ചാത്തലവും ശക്തമായ കഥാപാത്രങ്ങളും വലിയ ദൃശ്യവിസ്മയവും ചേർന്ന ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ശ്രദ്ധേയമായ തിരിച്ചുവരവാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.