2.69 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം സർക്കാരിന് ആർബിഐ ബോർഡ് അംഗീകരിച്ചു


മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇത്തവണ കേന്ദ്ര സർക്കാരിന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ലാഭവിഹിതം കൈമാറാൻ ഒരുങ്ങുന്നു. 2024–2025 സാമ്പത്തിക വർഷത്തിൽ ആർബിഐ 2.69 ലക്ഷം കോടി രൂപ കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറും. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആർബിഐയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആർബിഐ 2.1 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറിയിരുന്നു. 2023 ൽ ഈ തുക 84,416 കോടി രൂപയായിരുന്നു. ഇത്തവണ ബോർഡ് 2,68,490.07 കോടി രൂപയുടെ മിച്ചം കേന്ദ്ര സർക്കാരിന് കൈമാറാൻ തീരുമാനിച്ചുവെന്ന് ആർബിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഈ അധിക വരുമാനം വിവിധ മേഖലകളിൽ സർക്കാരിന് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്ന് ആർബിഐ അഭിപ്രായപ്പെട്ടു. മറ്റ് കേന്ദ്ര ബാങ്കുകളെപ്പോലെ റിസർവ് ബാങ്കും പ്രതിവർഷം മിച്ച ഫണ്ട് ശേഖരിക്കുന്നു, അതിൽ ഒരു ഭാഗം കേന്ദ്ര സർക്കാരിലേക്ക് മാറ്റുന്നു.