ശ്രീരാമന്റെ ചിത്രമുള്ള പുതിയ 500 രൂപ നോട്ട് ജനുവരി 22ന് ആർബിഐ പുറത്തിറക്കും'; വാർത്തയ്ക്ക് പിന്നിലെ സത്യം അറിയാം

 
500

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കൂദാശ ജനുവരി 22ന് നടക്കാനിരിക്കെ രാമന്റെ ചിത്രമുള്ള 500 രൂപ നോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രമുള്ള നോട്ടുകൾക്ക് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് ആർബിഐ നോട്ട് പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്‌സിൽ ഉൾപ്പെടെ ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും പോസ്റ്റിൽ പ്രചരിക്കുന്ന വസ്തുതകൾ അടിസ്ഥാന രഹിതമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

500 രൂപ നോട്ടുകളുടെ ചിത്രത്തിൽ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രവും ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവുമുണ്ട്. ജനുവരി 14ന് രഘുറാം മൂർത്തി എന്ന എക്‌സ് ഉപയോക്താവാണ് ചിത്രം പോസ്റ്റ് ചെയ്തത്. വ്യാജ അവകാശവാദങ്ങളുമായി ആരോ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

ചിത്രങ്ങൾ വൈറലായതോടെ ചിത്രം എഡിറ്റ് ചെയ്തയാൾ തന്നെ രംഗത്തെത്തി സത്യം വെളിപ്പെടുത്തി. ട്വിറ്ററിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആരോ എന്റെ ക്രിയേറ്റീവ് വർക്ക് ദുരുപയോഗം ചെയ്തു. ഞാൻ ചെയ്ത സർഗ്ഗാത്മക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല.

എന്റെ സർഗ്ഗാത്മക കഴിവ് ഒരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എനിക്ക് പ്രധാനമാണ്- ചിത്രം എഡിറ്റ് ചെയ്ത വ്യക്തി എക്‌സിൽ എഴുതി.

സൂര്യ പ്രകാശ് എന്ന എക്‌സ് ഉപയോക്താവാണ് ചിത്രം വ്യാജ അവകാശവാദങ്ങളുമായി പ്രചരിപ്പിച്ചത്. 'ശ്രീരാമന്റെ ചിത്രമുള്ള പുതിയ 500 രൂപ നോട്ട് ജനുവരി 22ന് പുറത്തിറങ്ങുമെന്നാണ് കേൾക്കുന്നത്. ഇത് സത്യമാണെങ്കിൽ ഞങ്ങളുടെ സ്വപ്നം സഫലമായിരിക്കുന്നു. ജയ് ശ്രീറാം' എന്നാണ് പോസ്റ്റ്.

അതേസമയം വ്യാജ പോസ്റ്റിനെക്കുറിച്ച് ആർബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.