ഭക്ഷ്യ പാക്കറ്റുകളിൽ ‘റെഡ് അലർട്ട്’? ഉയർന്ന പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ളവയ്ക്ക് മുന്നറിയിപ്പ് ലേബൽ നിർദേശിച്ച് FSSAI
ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും പാക്കറ്റിന്റെ മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് ലേബൽ നൽകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശം മുന്നോട്ടുവച്ചു. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ പോഷകഘടകങ്ങളെക്കുറിച്ച് വേഗത്തിൽ മനസ്സിലാക്കാനും ബോധപൂർവമായ തിരഞ്ഞെടുപ്പ് നടത്താനും ലക്ഷ്യമിട്ടാണ് നടപടി.
നിർദേശപ്രകാരം പാക്കറ്റിന്റെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗൺ ആകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നം നൽകും. ‘HIGH SUGAR’, ‘HIGH SALT’, ‘HIGH FAT’ തുടങ്ങിയ മുന്നറിയിപ്പുകളായിരിക്കും രേഖപ്പെടുത്തുക. ഉയർന്ന അളവിൽ മധുരം ചേർത്ത പാനീയങ്ങൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകും.
നിലവിലെ പോഷകവിവരങ്ങൾ പാക്കറ്റിന്റെ പിൻവശത്ത് നൽകുന്നതിന് പുറമേ, പ്രധാന മുന്നറിയിപ്പ് മുൻവശത്ത് കൂടുതൽ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ നൽകാനാണ് നിർദേശം. കുട്ടികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരിച്ചറിയുന്നത് എളുപ്പമാക്കുകയാണ് ലക്ഷ്യം.
പാക്കേജ്ഡ് ഭക്ഷണങ്ങളിലെ ഉയർന്ന പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് FSSAIയുടെ പുതിയ നിർദേശം. വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലും ശക്തമായ നടപടിയെടുക്കാനുള്ള സമ്മർദവും ഉണ്ടായതിനു പിന്നാലെയാണ് നിർദേശം മുന്നോട്ടുവന്നത്.
നിർദേശം പ്രാബല്യത്തിൽ വരുന്നതോടെ ചിപ്സ്, ബിസ്കറ്റ്, മധുരപാനീയങ്ങൾ തുടങ്ങി നിരവധി പാക്കേജ്ഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മുൻവശത്ത് ഇത്തരം മുന്നറിയിപ്പുകൾ കാണാനിടയുണ്ട്.