പ്രാദേശിക ആണവയുദ്ധമാണ് കൂടുതൽ ഭയപ്പെടുത്തുന്നത്; മുന്നറിയിപ്പുമായി പെന്റഗൺ ഉദ്യോഗസ്ഥൻ

 
World

അമേരിക്കയെ നേരിട്ട് ലക്ഷ്യമിട്ടുള്ള വലിയ ആണവാക്രമണത്തേക്കാൾ പ്രാദേശിക സംഘർഷം ആണവയുദ്ധത്തിലേക്ക് വ്യാപിക്കുന്നതാണ് കൂടുതൽ ഭയപ്പെടുത്തുന്നതെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ എൽബ്രിഡ്ജ് കോൾബി. 

2026 യു.എസ്. സ്ട്രാറ്റജിക് കമാൻഡ് ഡിറ്ററൻസ് സിമ്പോസിയത്തിലാണ് കോൾബി മുന്നറിയിപ്പ് നൽകിയത്. ഒരു പ്രാദേശിക പരമ്പരാഗത യുദ്ധത്തിനിടെ പരിമിതമായ രീതിയിൽ ആണവായുധം ഉപയോഗിക്കുകയും പിന്നീട് അത് വലിയ സംഘർഷമായി മാറുകയും ചെയ്യാനുള്ള സാധ്യതയാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം സാഹചര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയം വളരെ കുറവായിരിക്കും. എതിരാളിയുടെ ഒരു സൈനിക നീക്കം പൂർണമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പായി തെറ്റിദ്ധരിച്ചാൽ, പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി ഉണ്ടാകാനും അതിലൂടെ നിയന്ത്രിക്കാനാകാത്ത ആണവ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യതയുണ്ടെന്ന് കോൾബി വ്യക്തമാക്കി. 

പ്രസിഡന്റിന് വിശ്വസനീയവും യുക്തിസഹവുമായ നിരവധി പ്രതിരോധ ഓപ്ഷനുകൾ നൽകുകയാണ് ലക്ഷ്യമെന്നും കോൾബി പറഞ്ഞു. അതേസമയം, അമേരിക്കയുടെ ആണവ പ്രതിരോധ സംവിധാനം നവീകരിക്കുന്നത് സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

റഷ്യയ്ക്കും ചൈനയ്ക്കും പുറമെ ആണവശേഷിയുള്ള ശക്തികളുമായുള്ള നിലവിലെ തന്ത്രപരമായ സാഹചര്യം ശീതയുദ്ധകാലത്തേതിൽ നിന്ന് വ്യത്യസ്തമാണെന്നും കോൾബി ചൂണ്ടിക്കാട്ടി. സംഘർഷം നിയന്ത്രിക്കാൻ നയതന്ത്ര ഇടപെടലുകളും പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണവും ശക്തമായ പ്രതിരോധ നയത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.