ഇന്ത്യയുമായുള്ള ബന്ധം ‘ചരിത്രപരവും ശക്തവും’; പെസഷ്കിയാന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായി ഇറാന്റെ പ്രശംസ

 
World

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദീർഘകാല പാരമ്പര്യമുള്ളതും ശക്തവുമാണെന്ന് ഇറാൻ. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യയിലെത്താനിരിക്കെയാണ് ടെഹ്റാന്റെ പ്രതികരണം. 

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി ബ്രിക്സ് ഉച്ചകോടിയെ കാണുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായെ വ്യക്തമാക്കി. വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ പരസ്പര താൽപര്യമുള്ള മേഖലകളിൽ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പെസഷ്കിയാന്റെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നിർണായകമാകും. ഊർജം, വ്യാപാരം, ചാബഹാർ തുറമുഖം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രാധാന്യം നേടുമെന്നാണ് പ്രതീക്ഷ. 

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. അതിനാൽ തന്നെ ഇന്ത്യ–ഇറാൻ ബന്ധത്തിനൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യം, പ്രാദേശിക സ്ഥിരത, കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങളും ബ്രിക്സ് വേദിയിൽ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.