സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈ​ഗേഴ്സ് താരം കാർത്തിക് ബി നായർ

 
Sports

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈ​ഗേഴ്സ് താരം കാർത്തിക് ബി നായർ. മത്സരത്തിൽ മൂന്ന് ഓവർ പന്തെറിഞ്ഞ കാർത്തിക് 21 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തന്നെ സിക്സർ അടിച്ച ബാറ്റർമാരെ അതേ ഓവറിൽ തന്നെ പുറത്താക്കി തിരിച്ചടിച്ച കാർത്തിക്കിന്റെ പോരാട്ടവീര്യമാണ് ട്രിവാൻഡ്രത്തിന്റെ സ്കോറിംഗ് വേഗം ഒരു പരിധി വരെ നിയന്ത്രിച്ചത്. മത്സരത്തിൽ ട്രിവാൻഡ്രം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.

 മുൻനിര ബാറ്റർമാരായ വിഷ്ണു വിനോദ്, ക്യാപ്റ്റൻ കൃഷ്ണപ്രസാദ്, ഗോവിന്ദ് ദേവ് പൈ എന്നിവരാണ് കാർത്തിക്കിന്റെ പന്തുകളിൽ പുറത്തായത്. 16 പന്തിൽ 32 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു വിഷ്ണു വിനോദ്. ടീം സ്കോർ 59-ൽ നിൽക്കെ കാർത്തിക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് വിഷ്ണു സിക്സറിന് പറത്തി. സിക്സറടിച്ചതിന്റെ ആവേശത്തിലായിരുന്ന വിഷ്ണുവിനെ കൃത്യതയാർന്നൊരു പന്തിൽ എൽബിഡബ്ല്യുവിൽ കുടുക്കി കാർത്തിക് പവലിയനിലേക്ക് മടക്കി. ഇതേ ഓവറിൽ തന്നെ ഗോവിന്ദ് ദേവ് പൈയെ ക്ലീൻ ബൗൾഡാക്കി പവലിയനിലേക്ക് മടക്കി കാർത്തിക് കൊച്ചിക്ക് ആശ്വാസമേകി.

​പിന്നീട് എട്ടാം ഓവറിലും സമാനമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ ഓവറിൽ കാർത്തിക്കിനെതിരെ ക്യാപ്റ്റൻ കൃഷ്ണ പ്രസാദും കൂറ്റൻ സിക്സർ നേടിയിരുന്നു. എന്നാൽ സിക്സറിന് വിക്കറ്റിലൂടെ പകരം ചോദിക്കുന്ന രീതി ഈ ഓവറിലും കാർത്തിക് ആവർത്തിച്ചു. അതേ ഓവറിൽ തന്നെ കൃഷ്ണ പ്രസാദിനെ വിക്കറ്റ് കീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിൽ എത്തിച്ച് കാർത്തിക് തന്റെ മൂന്നാം വിക്കറ്റും തികച്ചു. തുടർച്ചയായി നാല് സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ നെറ്റ് ബൗളറായിരുന്ന അനുഭവസമ്പത്തുമായാണ് കാർത്തിക് തന്റെ ആദ്യ കെസിഎൽ സീസണിന് ഇറങ്ങിയത്. പത്തനംതിട്ട അയിരൂർ സ്വദേശിയായ കാർത്തിക്കിന്റെ ക്രിക്കറ്റ് ജീവിതം കഠിനാധ്വാനത്തിന്റെയും തിരിച്ചുവരവിന്റെയും കഥ കൂടിയാണ്. ഫാസ്റ്റ് ബൗളറായി കരിയർ ആരംഭിച്ച് പിന്നീട് ലെ​ഗ് സ്പിന്നറായി മാറിയ താരത്തിന് ബൗളിംഗ് ആക്ഷനിലെ പിഴവുകളുടെ പേരിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്രതിസന്ധികളിൽ തളരാതെ പരിശീലകരുടെ പിന്തുണയോടെ ആക്ഷൻ തിരുത്തി താരം വീണ്ടും മൈതാനത്ത് സജീവമാകുകയായിരുന്നു.