'മുതിർന്ന താരങ്ങളെ ബഹുമാനിക്കണം'; ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ തിരിച്ചടികളിൽ പ്രതികരിച്ച് അജിങ്ക്യ രഹാനെ
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനം താഴോട്ടുപോയതിന് പ്രധാന കാരണം പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമാണെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ യുവതാരങ്ങൾക്കൊപ്പം സീനിയർ താരങ്ങളുടെ സാന്നിധ്യവും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
“മുതിർന്ന താരങ്ങളെ ബഹുമാനിക്കണം. ടെസ്റ്റ് ക്രിക്കറ്റിന് അനുഭവസമ്പത്തുള്ള താരങ്ങൾ ആവശ്യമാണ്. കഴിഞ്ഞ രണ്ട്-മൂന്ന് വർഷമായി ഇന്ത്യ സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങൾ തോൽക്കുന്നത് കാണുകയാണ്,” എന്ന് രഹാനെ പറഞ്ഞു. ടീമിൽ സ്ഥിരതയും പോരാട്ടവീര്യവും നിലനിർത്തുന്നതിൽ സീനിയർ താരങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഹിത് ശർമ, വിരാട് കോഹ്ലി, ആർ. അശ്വിൻ എന്നിവരെ പോലുള്ള മുതിർന്ന താരങ്ങളുടെ പടിയിറക്കത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അനുഭവപരിചയക്കുറവ് പ്രകടമാണെന്നും, യുവതാരങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശവും ലഭിക്കേണ്ടത് അനിവാര്യമാണെന്നും രഹാനെ വ്യക്തമാക്കി.