ഇന്ത്യൻ വിപണിയിൽ വൻ പ്രതീക്ഷയുമായി റിയാദ് എയർ; ഓഗസ്റ്റ് 4 മുതൽ മുംബൈ–റിയാദ് പ്രതിദിന സർവീസ്
സൗദി അറേബ്യയുടെ പുതിയ പ്രീമിയം വിമാനക്കമ്പനിയായ റിയാദ് എയർ ഇന്ത്യൻ വിപണിയിലേക്ക് ഔദ്യോഗിക പ്രവേശനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 മുതൽ മുംബൈ–റിയാദ് റൂട്ടിൽ ദിവസേന നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ടിക്കറ്റ് ബുക്കിങ് ജൂലൈ 6 മുതൽ ആരംഭിച്ചു.
ബോയിങ് 787-9 ഡ്രീംലൈനർ ഉപയോഗിച്ചായിരിക്കും സർവീസ്. ബിസിനസ് എലൈറ്റ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നീ നാല് ക്ലാസ് സീറ്റിംഗ് സൗകര്യങ്ങളോടെയാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും, മുംബൈയെ ആദ്യ ഇന്ത്യൻ ലക്ഷ്യസ്ഥാനമാക്കിയത് ഇന്ത്യയ്ക്ക് കമ്പനി നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്നും റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. മുംബൈയിൽ നിന്ന് റിയാദ് വഴി യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലെ മറ്റ് നഗരങ്ങളിലേക്കും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ കണക്റ്റിവിറ്റിയും ലഭിക്കും.
മുംബൈ സർവീസോടെ റിയാദ് എയറിന്റെ ആഗോള ശൃംഖല ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. 2030ഓടെ ലോകമെമ്പാടുമായി 100-ലധികം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ നീക്കം ഇന്ത്യ–സൗദി വ്യോമഗതാഗത മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.