കീവിൽ റഷ്യൻ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 33 പേർക്ക് പരിക്ക്

 
World

ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ ആക്രമണമുണ്ടായത്. 

കീവിലെ മൂന്ന് ജില്ലകളിലായി 12 ഇടങ്ങളിലാണ് ആക്രമണത്തിന്റെ ആഘാതമുണ്ടായത്. താമസകെട്ടിടങ്ങൾ, സ്കൂൾ, മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സോളോമ്യാൻസ്കി ജില്ലയിൽ ഒൻപത് നില കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ തകർന്നതായും റിപ്പോർട്ടുണ്ട്. 

ആക്രമണത്തെ തുടർന്ന് നിരവധി കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് പുലർച്ചെയും തുടർന്നിരുന്നു. 

റഷ്യ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ ഹൈപ്പർസോണിക് മിസൈലുകളും ഉപയോഗിച്ചതായി ഉക്രൈൻ വ്യോമസേന അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് വിശദീകരിച്ചത്.