കീവ് ഉൾപ്പെടെ യുക്രൈനിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ റഷ്യയുടെ തുടർച്ചയായ വ്യോമാക്രമണത്തിൽ കീവ് നഗരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ കീവിൽ ഉൾപ്പെടെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. കീവിലെ ഒരു ഗാരേജ് കോഓപ്പറേറ്റീവിൽ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി നഗര മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
തലസ്ഥാനത്തിന് പുറമെ ഡ്നിപ്രോ, സപ്പോറീഷ്യ, ക്രെമെൻചുക്ക് എന്നിവിടങ്ങളിലും റഷ്യൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. ഡ്നിപ്രോയിലെ വ്യവസായ സ്ഥാപനത്തിനും സപ്പോറീഷ്യയിലെ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾക്കും ക്രെമെൻചുക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. റഷ്യൻ ആക്രമണങ്ങൾ പ്രധാനമായും നഗര, വ്യവസായ, ഗതാഗത അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ടതായാണ് യുക്രൈൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
യുക്രൈനിലെ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ റഷ്യൻ വ്യോമാക്രമണങ്ങളുടെ തീവ്രത തുടരുകയാണ്. പുതിയ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടാനുണ്ട്.