എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; 'നികത്താനാകാത്ത നഷ്ടം'

 
Entertainment

ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതലോകത്തിനും സംസ്കാരത്തിനും നികത്താനാകാത്ത നഷ്ടമാണ് ജാനകിയമ്മയുടെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിലായി അവർ ആലപിച്ച ഗാനങ്ങൾ തലമുറകളെ ഒന്നടങ്കം സ്പർശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 

എക്സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി അനുശോചന സന്ദേശം പങ്കുവെച്ചത്. "ഓരോ വികാരത്തിനും അതുല്യമായ മാധുര്യവും വൈവിധ്യവും നൽകി ശബ്ദമായിരുന്നു എസ്. ജാനകിയമ്മ. അവരുടെ ഗാനങ്ങൾ വരും തലമുറകളെയും ആനന്ദിപ്പിച്ചുകൊണ്ടിരിക്കും," എന്ന് അദ്ദേഹം കുറിച്ചു. ജാനകിയമ്മയുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും സംഗീതലോകത്തിനും അദ്ദേഹം അനുശോചനം അറിയിച്ചു. 

രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ-സംഗീത മേഖലയിലെ പ്രമുഖരും എസ്. ജാനകിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഗായികയായാണ് ജാനകിയെ രാജ്യം അനുസ്മരിക്കുന്നത്.