സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; പോലീസ് ചിത്രം പുറത്തിറക്കി

 
Saif

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ ആക്രമിച്ച പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അക്രമിയുടെ ലക്ഷ്യം കവർച്ചയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രം ഉദ്യോഗസ്ഥർ പുറത്തുവിട്ടു.

പ്രതി കെട്ടിടത്തിന്റെ ഫയർ എസ്കേപ്പ് വഴി നടന്റെ വീട്ടിലേക്ക് കടന്നു. അലാറം കേട്ട് സൈഫ് അലി ഖാൻ ആക്രമിയെ പിടികൂടാൻ ശ്രമിച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടെ നടന് ആറ് തവണ കുത്തേറ്റു. ആക്രമണത്തിൽ ഒരു വീട്ടുജോലിക്കാരിക്കും പരിക്കേറ്റു. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആറ് കുത്തേറ്റ സെയ്ഫ് അലി ഖാൻ നിലവിൽ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.

നടന്റെ വസതിയുടെ പരിസരത്ത് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഹൗസിംഗ് സൊസൈറ്റിയിൽ അനധികൃതമായി പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഫോറൻസിക് സംഘം നടന്റെ വസതിയിൽ അന്വേഷണം നടത്തുകയും പ്രദേശവാസികളിൽ നിന്ന് മൊഴികൾ ശേഖരിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പോലീസ് പത്ത് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്. കേസിൽ മുംബൈ ക്രൈംബ്രാഞ്ച് ബാന്ദ്ര പോലീസിനെ സഹായിക്കുന്നു.