സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ഫെഡറൽ തീവ്രവാദക്കുറ്റം; ജീവപര്യന്തം തടവ് നേരിടാൻ സാധ്യത

 
World

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ 2022ൽ വേദിയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ഹാദി മതാർ ഫെഡറൽ തീവ്രവാദക്കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ ഫെഡറൽ ജൂറിയാണ് എല്ലാ കുറ്റങ്ങളും ശരിവെച്ചത്. പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. 

2022 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാൻ വേദിയിലെത്തിയ റുഷ്ദിയെ ഹാദി മതാർ നിരവധി തവണ കുത്തുകയായിരുന്നു. ആക്രമണത്തിൽ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ നേരത്തെ ന്യൂയോർക്ക് സംസ്ഥാന കോടതിയിൽ വധശ്രമക്കുറ്റത്തിന് 25 വർഷം തടവുശിക്ഷയും പ്രതിക്ക് ലഭിച്ചിരുന്നു. 

ഫെഡറൽ വിചാരണയിൽ വിദേശ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകിയതും രാജ്യാതിർത്തികൾ കടന്നുള്ള തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഹാദി മതാറിനെതിരെ തെളിഞ്ഞത്. ശിക്ഷാവിധി ഈ വർഷം നവംബറിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.