സന്ത് കബീറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

കബീര’ എന്ന സംഗീതചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമ, ചിത്രീകരണം 2027ൽ
 
Entertainment

സന്ത് കബീറിന്റെ ജീവിതവും ദർശനങ്ങളും പ്രമേയമാക്കി ബിഗ് ബജറ്റ് സംഗീതചിത്രം ഒരുങ്ങുന്നു. ‘കബീര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. 2027ൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

ഇന്ത്യൻ ആത്മീയ-സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ സന്ത് കബീറിന്റെ ജീവിതവും അദ്ദേഹത്തിന്റെ ആശയങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മതസൗഹാർദം, മനുഷ്യസ്നേഹം, സാമൂഹിക സമത്വം തുടങ്ങിയ സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിലായിരിക്കും ചിത്രം ഒരുക്കുക.

സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന എപ്പിക് മ്യൂസിക്കൽ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കബീറിന്റെ കവിതകളും ദോഹകളും സംഗീതത്തിലൂടെ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ചിത്രത്തിന്റെ അഭിനേതാക്കളെയും മറ്റ് അണിയറപ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.