ഉപഗ്രഹചിത്രങ്ങളിൽ തെളിഞ്ഞത്; നേപ്പാളിൽ പ്രളയജലം വിഴുങ്ങിയത് നൂറുകണക്കിന് വീടുകൾ

 
Wrd

നേപ്പാളിലെ ട്രിശൂലി നദീതടത്തിൽ ഓഗസ്റ്റ് 26നുണ്ടായ മിന്നൽപ്രളയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്. പ്രളയത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ താരതമ്യം ചെയ്തപ്പോൾ ചില പ്രദേശങ്ങളിൽ നദിയുടെ വീതി ആറിരട്ടിയോളം വർധിച്ചതായി കണ്ടെത്തി. വൻതോതിൽ ഒഴുകിയെത്തിയ ചെളിയും പാറകളും അവശിഷ്ടങ്ങളും നദിയുടെ ഗതിയിലും വലിയ മാറ്റമുണ്ടാക്കി.

റസുവാ ജില്ലയിലെ ടിമുറെയിൽ പ്രളയത്തിന് മുമ്പ് 78 മീറ്ററായിരുന്ന ട്രിശൂലി നദിയുടെ വീതി പ്രളയത്തിന് ശേഷം 350 മീറ്ററായി ഉയർന്നു. സമീപത്തെ സ്യാബ്രുബെസിയിൽ 65 മീറ്ററിൽനിന്ന് 300 മീറ്ററായും നദി വ്യാപിച്ചു. ഇവിടെ ഏകദേശം 300 വീടുകൾ പ്രളയത്തിൽ ഒഴുകിപ്പോയതായാണ് റിപ്പോർട്ടുകൾ.

നുവാകോട്ട് ജില്ലയിലെ ചൗപ്തോക്കിലാണ് നദിയുടെ വീതിയിൽ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് രേഖപ്പെടുത്തിയത്. 65 മീറ്റർ വീതിയുണ്ടായിരുന്ന നദി പ്രളയത്തിന് ശേഷം 443 മീറ്ററായി വ്യാപിച്ചു. ബട്ടാർ മേഖലയിലും 91 മീറ്ററിൽനിന്ന് 309 മീറ്ററായി നദി വീതി വർധിച്ചതായി ഉപഗ്രഹചിത്രങ്ങളുടെ വിശകലനം വ്യക്തമാക്കുന്നു.

ടിബറ്റ്–നേപ്പാൾ അതിർത്തിക്ക് സമീപമുണ്ടായ പാറയും മഞ്ഞും ഉൾപ്പെട്ട വൻതോതിലുള്ള ഇടിച്ചിലിനെ തുടർന്നാണ് പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത്. ഇതോടെ റസുവാ, നുവാകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വീടുകൾ, റോഡുകൾ, പാലങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി വിലയിരുത്തുന്നതിൽ ഉപഗ്രഹചിത്രങ്ങൾ നിർണായകമായി.

ദുരന്തത്തിന് പിന്നാലെ നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ട്രിശൂലി നദിയുമായി ബന്ധപ്പെട്ട ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒമ്പത് ദിവസമായി കുടുങ്ങിയിരുന്ന രണ്ട് തൊഴിലാളികളെ വെള്ളിയാഴ്ച ജീവനോടെ രക്ഷപ്പെടുത്തിയതും പ്രതീക്ഷയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, പ്രളയത്തിൽ തകർന്ന വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.