ഫിലിപ്പീൻസിൽ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊലപ്പെടുത്തി വിദ്യാർഥി ജീവനൊടുക്കി

 
World

ഫിലിപ്പീൻസിലെ സാംബോവാംഗ സിറ്റിയിൽ സ്കൂൾ ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. അറ്റീനിയോ ഡി സാംബോവാംഗ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഹൈസ്കൂളിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ വെടിവെപ്പ് നടത്തിയ വിദ്യാർഥിയും ഉൾപ്പെടുന്നു. 

പൊലീസ് റിപ്പോർട്ട് പ്രകാരം ഗ്രേഡ് 9 വിദ്യാർഥി പിസ്റ്റളും റൈഫിളുമായി സ്കൂളിലെത്തി ക്ലാസ് മുറിക്കുള്ളിൽ വെടിയുതിർക്കുകയായിരുന്നു. മറ്റൊരു വിദ്യാർഥിയാണ് വെടിയേറ്റ് മരിച്ചത്. തുടർന്ന് അക്രമിയും സ്വയം വെടിവെച്ച് ജീവനൊടുക്കി. 

സംഭവത്തെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ക്യാമ്പസിൽ ഇനി സജീവമായ അക്രമിയില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സർവകലാശാല അധികൃതർ അറിയിച്ചു. 

ആക്രമണത്തിന്റെ കാരണം എന്താണെന്നും വിദ്യാർഥിക്ക് തോക്കുകൾ എങ്ങനെ ലഭിച്ചുവെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഫിലിപ്പീൻസിൽ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്കൂൾ വെടിവെപ്പാണിത്.