ഹോർമുസിൽ യുഎസ് നീക്കത്തിൽ പങ്കാളിയായാൽ ‘ഗുരുതര പ്രത്യാഘാതം’; ദക്ഷിണ കൊറിയയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളിൽ ദക്ഷിണ കൊറിയ പങ്കാളിയാകുന്നതിനെതിരെ ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. ദക്ഷിണ കൊറിയയുടെ സൈനിക ഇടപെടൽ ഇറാനെതിരായ നേരിട്ടുള്ള സൈനിക നടപടിയായും യുദ്ധത്തിലെ പങ്കാളിത്തമായും കണക്കാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഹോർമുസിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള യുഎസ് സമ്മർദം ദക്ഷിണ കൊറിയ നേരിടുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. ദേശീയ താൽപര്യങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായയും യുഎസ് സൈനിക നടപടികൾക്കായി ത്യജിക്കരുതെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി സൈനിക, സൈനികേതര മാർഗങ്ങൾ ദക്ഷിണ കൊറിയ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻഷ്യൽ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹോർമുസിലൂടെ എല്ലാ കപ്പലുകളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ചർച്ചകൾ തുടരുകയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ബന്ധവും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായിയും ഹോർമുസിലോ പേർഷ്യൻ ഉൾക്കടലിലോ മറ്റ് രാജ്യങ്ങളുടെ സൈനിക സാന്നിധ്യമോ പ്രവർത്തനങ്ങളിലെ പങ്കാളിത്തമോ ഉണ്ടായാൽ “ഗുരുതര പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.