പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധത്തിനിടെയുള്ള ലൈംഗികത ബലാത്സംഗമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധത്തിനിടയിലെ ലൈംഗികത ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി ഏഴു വർഷം പഴക്കമുള്ള ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. ദീർഘകാലമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ ബന്ധം തകർന്നതിന് ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്ത് വരുന്നത് ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും എൻ കെ സിങ്ങും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
മുംബൈയിലെ ഖാർഘർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്ന യുവാവിനെതിരെ വനിതാ എൻ ജാദവ് എന്ന സ്ത്രീയാണ് പരാതി നൽകിയത്.
വിധവയായ വനിതാ ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം 2008 ലാണ് ആരംഭിച്ചത്. വിവാഹവാഗ്ദാനം നൽകി ഖാരെ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി ആരോപിച്ചു. ഖരെയുടെ ഭാര്യ വനിതയ്‌ക്കെതിരെ പണം തട്ടിയതായി പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് 2017 മാർച്ചിൽ ഖാരെയ്‌ക്കെതിരെ വനിതാ ബലാത്സംഗ പരാതി നൽകി. കേസ് റദ്ദാക്കിയ കോടതി, വിവാഹ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ ഉടൻ ഫയൽ ചെയ്യണമെന്നും നീണ്ട ബന്ധങ്ങൾക്ക് ശേഷമല്ലെന്നും വ്യക്തമാക്കി.