ഷാരൂഖ് ഖാന്റെ മന്നത്തിലെ ഒരു സന്ദർശനം വഴിത്തിരിവായി; ‘കിങ്’ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് എഡ് ഷീറൻ
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിലെ ഒരു സന്ദർശനമാണ് ആഗോള പോപ് ഗായകൻ എഡ് ഷീറന് ബോളിവുഡിലേക്കുള്ള വഴിതുറന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘കിങ്’ (King) എന്ന സിനിമയിലെ ‘തു മിൽ ജായേ’ (Tu Mil Jaaye) എന്ന ഗാനത്തിലൂടെയാണ് എഡ് ഷീറൻ ഹിന്ദി സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഷാരൂഖുമായുള്ള സൗഹൃദമാണ് ഈ സംഗീത സഹകരണത്തിന് വഴിയൊരുക്കിയതെന്ന് താരം വെളിപ്പെടുത്തി.
ഷാരൂഖ് ഖാനെ ആദ്യമായി കണ്ടപ്പോൾ തന്നെ തന്റെ അടുത്ത സിനിമയ്ക്കായി ഒരു ഗാനം ആലപിക്കണമെന്നും അത് ബോളിവുഡിലെ ആദ്യ ഗാനമാകണമെന്നും താരം ആവശ്യപ്പെട്ടിരുന്നതായി എഡ് ഷീറൻ പറഞ്ഞു. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു. ഇന്ത്യയിലെത്തിയപ്പോഴൊക്കെ ഷാരൂഖുമായി ബന്ധം നിലനിർത്തിയിരുന്നുവെന്നും താരം വ്യക്തമാക്കി.
അരിജിത് സിങ്ങിനൊപ്പം പുറത്തിറക്കിയ ‘സഫയർ’ (Sapphire) എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിൽ ഷാരൂഖ് ഖാനെ അതിഥി വേഷത്തിൽ അവതരിപ്പിക്കാനായി അദ്ദേഹത്തിന്റെ മന്നത്തിലെത്തിയപ്പോഴാണ് പുതിയ സംഗീത സഹകരണത്തിന് തുടക്കമായത്. ഈ സന്ദർശനത്തിനിടെ ഷാരൂഖ് ഖാൻ സംഗീത സംവിധായകരായ സച്ചിൻ–ജിഗറിനെ എഡ് ഷീറന് പരിചയപ്പെടുത്തി. തുടർന്ന് അന്നേ ദിവസം രാത്രി തന്നെ ‘തു മിൽ ജായേ’ എന്ന ഗാനത്തിനായുള്ള തന്റെ ഭാഗം എഴുതുകയും റെക്കോർഡ് ചെയ്യുകയും ചെയ്തതായി എഡ് ഷീറൻ വെളിപ്പെടുത്തി.
അരിജിത് സിങ്ങും മധുബന്തി ബാഗ്ചിയും എഡ് ഷീറനൊപ്പം ഗാനത്തിൽ പങ്കുചേരുന്നുണ്ട്. സച്ചിൻ–ജിഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. ഇംഗ്ലീഷ് റാപ്പിനൊപ്പം ഹിന്ദി ഭാഗങ്ങളിലും എഡ് ഷീറൻ ശബ്ദം നൽകിയിട്ടുണ്ട്. ഈ സഹകരണത്തിൽ ഏറെ സന്തോഷമുണ്ടെന്നും തന്റെ പ്രിയപ്പെട്ട കലാകാരന്മാരെല്ലാം ഒരേ ഗാനത്തിൽ ഒന്നിച്ചെത്തിയതിൽ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ രണ്ടിന് ഷാരൂഖ് ഖാന്റെ 61-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ‘തു മിൽ ജായേ’ പുറത്തിറങ്ങിയത്. ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.