ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു; ആഗോള ഊർജവിതരണത്തിൽ ആശങ്ക

 
Hormuz

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ പ്രധാന ഊർജ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. സെപ്റ്റംബർ 14ന് നാല് ചരക്ക് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് കപ്പൽ ഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു. സാധാരണ ദിവസങ്ങളിൽ ശരാശരി 125 ചരക്ക് കപ്പലുകൾ വരെ ഇതുവഴി കടന്നുപോകാറുണ്ട്.

ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ, ദ്രവീകൃത പ്രകൃതി വാതക വിതരണത്തിന് നിർണായകമായ പാതയാണ്. ഇവിടെ ഗതാഗതം കുറയുന്നത് അന്താരാഷ്ട്ര ഊർജവിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എണ്ണവില ബാരലിന് 107 ഡോളറിന് മുകളിലേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പ്രദേശത്തെ സംഘർഷത്തിനൊപ്പം കപ്പൽ ഗതാഗതത്തിലെ സുരക്ഷാ ആശങ്കകളും വർധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം കുറയുന്നത് ആഗോള വിതരണശൃംഖലയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ബാബ് അൽ-മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഊർജവിതരണത്തിലെ തടസ്സം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവില, ഗതാഗതച്ചെലവ്, ഉൽപ്പാദനച്ചെലവ് എന്നിവയിൽ കൂടുതൽ സമ്മർദം ഉണ്ടാകാം. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ പ്രകൃതി വാതക ആവശ്യകതയെയും നിലവിലെ പ്രതിസന്ധി ബാധിക്കുന്നതായി ഊർജമേഖലയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോർമുസ് മേഖലയിലെ നയതന്ത്ര ചർച്ചകളും സുരക്ഷാ സാഹചര്യവും ഇനി നിർണായകമാകും. കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുമോ എന്നതും ആഗോള എണ്ണവിലയിൽ ഇതിന്റെ പ്രതിഫലം എത്രത്തോളം തുടരുമെന്നതും ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.