ജോർജിയയിൽ ഹോംകമിങ് ആഘോഷത്തിനിടെ വെടിവയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരുക്ക്

 
World

വിയന്ന: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ വിയന്നയിൽ ഹോംകമിങ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ബ്ലോക്ക് പാർട്ടിക്കിടെ വെടിവയ്പ്. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് വെടിവയ്പുണ്ടായത്.

ഡൂലി കൗണ്ടി ഹൈസ്കൂളിന്റെ ഹോംകമിങ് വാരാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു ഇത്. സ്കൂൾ അധികൃതർ വ്യക്തമാക്കിയതനുസരിച്ച് സംഭവം സ്കൂൾ സംഘടിപ്പിച്ച പരിപാടിയിലല്ല നടന്നത്. ആയിരത്തിലേറെ പേർ പങ്കെടുത്തിരുന്ന പരിപാടിയിലാണ് വെടിവയ്പുണ്ടായത്.

പരുക്കേറ്റവരിൽ 14 മുതൽ 51 വയസ്സുവരെയുള്ളവരുണ്ട്. നിരവധി പേരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചത്.

സംഭവസമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സമീപത്തെ രണ്ട് സ്ഥലങ്ങളിൽനിന്ന് വെടിയൊച്ചകൾ കേട്ടതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രതികളെയോ സംശയിക്കുന്നവരെയോ ഇതുവരെ പൊലീസ് പൊതുവായി തിരിച്ചറിഞ്ഞിട്ടില്ല. ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണത്തിന് നേതൃത്വം നൽകുകയാണ്.

വെടിവയ്പിനെ തുടർന്ന് ഡൂലി കൗണ്ടിയിലെ സ്കൂളുകളിൽ സുരക്ഷ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് നിലവിൽ തുടർ ഭീഷണിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.