‘ഷോർട്ട്‌കട്ട് നിങ്ങളെ പിന്നിലാക്കും’; യുവാക്കൾ ആത്മകഥകൾ വായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതിനിടെ യുവാക്കൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ എളുപ്പവഴികൾ തേടുന്നതിന് പകരം കഠിനാധ്വാനത്തിനും ക്ഷമയ്ക്കും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
റീൽസിന്റെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും കാലത്താണ് ഇന്നത്തെ യുവതലമുറ ജീവിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. “ഷോർട്ട്‌കട്ട് നിങ്ങളെ ഷോർട്ട് ആക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വേഗത്തിൽ വിജയം നേടാമെന്ന ആശയത്തിന് പിന്നാലെ പോകാതെ ദീർഘകാല പരിശ്രമത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ആത്മകഥകൾ യുവാക്കൾ വായിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രതിസന്ധികളും പോരാട്ടങ്ങളും വിജയത്തിലേക്കുള്ള യാത്രയും അടുത്തറിയാൻ ആത്മകഥകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രവും അതിലൂടെ മനസ്സിലാക്കാനാകുമെന്നും മോദി വ്യക്തമാക്കി.
രാംനാഥ് കോവിന്ദിന്റെ ജീവിതയാത്ര യുവതലമുറയ്ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു. കോവിന്ദിന്റെ ആത്മകഥ ഇന്ത്യൻ ജനാധിപത്യത്തിനും സമൂഹത്തിനും വിലപ്പെട്ടൊരു പൈതൃകമായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.