ആറുമണിക്കൂർ, ആയിരം ആരാധകർ; ഇൻഷുറൻസ് പരിരക്ഷയും പ്രഖ്യാപിച്ച് അല്ലു അർജുൻ

 
Entertainment

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ആയിരത്തിലധികം ആരാധകരുമായി ആറുമണിക്കൂറിലേറെ സമയം ചെലവഴിച്ച് ശ്രദ്ധനേടി. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധകർ പങ്കെടുത്ത ഓൾ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ (AAFA) വാർഷിക സംഗമത്തിലായിരുന്നു അപൂർവ കൂടിക്കാഴ്ച. 

പരിപാടിക്കിടെ എത്തിയ ഓരോ ആരാധകനെയും നേരിൽ കണ്ടും ഫോട്ടോയെടുത്തും സംസാരിച്ചുമാണ് താരം സമയം ചെലവഴിച്ചത്. ചടങ്ങിന്റെ പ്രധാന ആകർഷണമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കായി അപകട ഇൻഷുറൻസ് പരിരക്ഷയും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ₹5 ലക്ഷം വരെയും ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് ₹3 ലക്ഷം വരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 900-ലധികം അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിവരം. 

ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങളിലും ട്രോളിംഗിലും സമയം ചെലവഴിക്കരുതെന്നും ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയവും ഊർജവും വിനിയോഗിക്കണമെന്നും അല്ലു അർജുൻ ആഹ്വാനം ചെയ്തു. താരത്തിന്റെ ഈ നീക്കത്തിന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.