ബ്രിട്ടനിൽ ആറ് പ്രധാനമന്ത്രിമാർ മാറി; പക്ഷേ 'നമ്പർ 10'ലെ ലാറി പൂച്ച ഇന്നും സ്വന്തം പദവിയിൽ

 
World

ലണ്ടൻ: ബ്രിട്ടനിൽ രാഷ്ട്രീയ നേതൃത്വം തുടർച്ചയായി മാറിക്കൊണ്ടിരിക്കുമ്പോഴും ഒരു 'സ്ഥിരം ഉദ്യോഗസ്ഥൻ' ഇപ്പോഴും തന്റെ പദവിയിൽ തുടരുകയാണ്. 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക 'ചീഫ് മൗസർ' (എലികളെ പിടിക്കുന്ന ചുമതലയുള്ള പൂച്ച) ലാറിയാണ് ആ താരം. 2011 മുതൽ ഡൗണിങ് സ്ട്രീറ്റിൽ സേവനമനുഷ്ഠിക്കുന്ന ലാറി ഇതിനോടകം ആറ് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു. പുതിയ പ്രധാനമന്ത്രിയെയും വരവേൽക്കാൻ ഒരുങ്ങുകയാണ് ഈ 19-കാരൻ പൂച്ച. 

അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കാലത്താണ് ലാറിയെ ബാറ്റർസി ഡോഗ്സ് ആൻഡ് ക്യാറ്റ്സ് ഹോമിൽ നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്, കെയർ സ്റ്റാർമർ എന്നിവരുടെ ഭരണകാലങ്ങളിലും ലാറി തന്റെ ഔദ്യോഗിക വസതിയിൽ തന്നെ തുടർന്നു. 

ബ്രിട്ടനിൽ വീണ്ടും നേതൃത്വമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ ലാറിയുടെ സമൂഹമാധ്യമ അക്കൗണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്. "ഇങ്ങനെ പോയാൽ ഓരോ പുതിയ പ്രധാനമന്ത്രിയുടെയും പേര് പഠിക്കാനുള്ള ശ്രമം പോലും ഞാൻ നിർത്തും" എന്ന പരിഹാസ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. 

എലികളെ പിടിക്കുന്ന ചുമതല മാത്രമല്ല, ഔദ്യോഗിക അതിഥികളെ 'സ്വീകരിക്കൽ', സുരക്ഷാ പരിശോധനകളിൽ 'നിരീക്ഷണം നടത്തൽ', ഡൗണിങ് സ്ട്രീറ്റിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നായി തുടരൽ എന്നിവയും ലാറിയുടെ വിശേഷങ്ങളാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സ്ഥിരതയുടെ പ്രതീകമായാണ് ഇന്ന് ലാറി അറിയപ്പെടുന്നത്.