പാർക്കിൻസൺസ് നേരത്തെ കണ്ടെത്താൻ ചെറു സെൻസർ; കേരളത്തിലെ ഗവേഷകരുടെ നിർണായക നേട്ടം
പാർക്കിൻസൺസ് രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന നാനോപോർ സെൻസർ സാങ്കേതികവിദ്യ വികസിപ്പിച്ച് കേരളത്തിലെ ഗവേഷകർ. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (RGCB) BRIC ഗവേഷകരാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടീനുകളെ തന്മാത്രാതലത്തിൽ തിരിച്ചറിയുകയാണ് സെൻസർ ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് രോഗസൂചകങ്ങൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
പാർക്കിൻസൺസിന് പുറമെ അമയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) പോലുള്ള ന്യൂറോഡിജനറേറ്റീവ് രോഗങ്ങളും നേരത്തേ തിരിച്ചറിയാൻ സാങ്കേതികവിദ്യയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. വേഗത്തിലും കൃത്യതയോടെയും രോഗസൂചകങ്ങൾ കണ്ടെത്താൻ കഴിയുമെന്നതാണ് സെൻസറിന്റെ പ്രധാന പ്രത്യേകത.
നേരത്തെയുള്ള രോഗനിർണയം സാധ്യമാകുന്നതോടെ ചികിത്സയും രോഗനിയന്ത്രണവും കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ കഴിയുമെന്നതാണ് ഈ ഗവേഷണത്തിന്റെ പ്രധാന നേട്ടം.