ഇന്ത്യ കൂച്ചർ വീക്കിന് സമാപനമൊരുക്കി ശോഭിത ധൂലിപാല; രാഹുൽ മിശ്രയുടെ 'ദേവി'യായി റാംപിൽ തിളങ്ങി
ഇന്ത്യ കൂച്ചർ വീക്ക് (ICW) 2026-ന്റെ ഗ്രാൻഡ് ഫിനാലെയിൽ നടി ശോഭിത ധൂലിപാല ശ്രദ്ധാകേന്ദ്രമായി. ഡിസൈനർ രാഹുൽ മിശ്രയുടെ 'DEVI: The Eternal Muse' ശേഖരത്തിന്റെ ഷോസ്റ്റോപ്പറായെത്തിയ ശോഭിത, റാംപിൽ തത്സമയ രൂപമാറ്റത്തിലൂടെ 'ദേവി'യുടെ ഭാവം അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടി.
അജന്ത ഗുഹാചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശിൽപഭംഗിയുള്ള വസ്ത്രത്തിലാണ് ശോഭിത ആദ്യം റാംപിലെത്തിയത്. തുടർന്ന് വേദിയിൽ നടന്ന 'ലൈവ് ശൃംഗാർ' അവതരണത്തിന്റെ ഭാഗമായി മറ്റ് മോഡലുകൾ ചേർന്ന് വസ്ത്രത്തിന് പുതിയ ഘടകങ്ങളും പ്രത്യേക മാഗ്നോളിയ പ്രചോദിത ഹെയർ ആക്സസറിയും അണിയിച്ചതോടെ ദേവീ സങ്കൽപത്തിന്റെ പൂർണരൂപം കൈവന്നു.
പാരിസ് ഹോട്ട് കൂച്ചർ വീക്കിൽ അരങ്ങേറ്റം കുറിച്ച 'DEVI: The Eternal Muse' ശേഖരത്തിന്റെ ഇന്ത്യയിലെ അവതരണമായിരുന്നു ഇത്. ഇന്ത്യൻ ശിൽപകല, ക്ഷേത്രശില്പങ്ങൾ, കൈത്തറി എംബ്രോയ്ഡറി എന്നിവയെ ആസ്പദമാക്കിയുള്ള ശേഖരത്തിന് ശോഭിതയുടെ അവതരണം കൂടുതൽ മിഴിവേകിയെന്ന് ഫാഷൻ ലോകം വിലയിരുത്തി.