അനുമതിയില്ലാതെ അമേരിക്കൻ ഓഹരികൾ വിറ്റഴിച്ചു; 30-ഓളം ഇന്ത്യൻ നിക്ഷേപകർക്ക് 100 കോടിയിലേറെ രൂപയുടെ നഷ്ടമെന്ന് പരാതി

 
Business

ന്യൂഡൽഹി: അമേരിക്കൻ ഓഹരികളിൽ നിക്ഷേപം നടത്തിയ 30-ഓളം ഇന്ത്യൻ നിക്ഷേപകർക്ക് 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പരാതി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് പ്ലാറ്റ്‌ഫോമായ സ്റ്റോക്കൽ സെക്യൂരിറ്റീസുമായി (Stockal Securities) ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. നിക്ഷേപകരുടെ അനുമതിയില്ലാതെ അവരുടെ അക്കൗണ്ടുകളിലെ അമേരിക്കൻ ഓഹരികൾ വിറ്റഴിച്ച് ലഭിച്ച തുക മറ്റൊരു കമ്പനിയുടെ ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചെന്നാണ് ആരോപണം.

ഒക്ടോബർ 15-നാണ് സംശയാസ്പദമായ ഇടപാടുകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ, ടെസ്‌ല, ആമസോൺ, ആൽഫബെറ്റ്, എൻവിഡിയ, എഎംഡി തുടങ്ങിയ പ്രമുഖ അമേരിക്കൻ കമ്പനികളുടെ ഓഹരികളാണ് നിക്ഷേപകരുടെ അക്കൗണ്ടുകളിൽനിന്ന് വിറ്റഴിച്ചത്. തുടർന്ന് ലഭിച്ച തുക ചൈനീസ് കമ്പനിയായ സിബാവോ ടെക്നോളജിയുടെ (Zhibao Technology) ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചതായാണ് പരാതി. ഒരു നിക്ഷേപകന്റെ അക്കൗണ്ടിൽനിന്ന് 3.35 ലക്ഷം ഡോളറിലധികം മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ച് 3 ലക്ഷം ഓഹരികൾ വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.

ഓഹരികൾ വാങ്ങിയശേഷം സിബാവോ ടെക്നോളജിയുടെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. ഒരു ഓഹരിക്ക് ശരാശരി 1.05 ഡോളർ നിരക്കിൽ വാങ്ങിയ ഓഹരികളുടെ വില ഒക്ടോബർ 23-ന് 0.42 ഡോളറായി താഴ്ന്നു. മറ്റൊരു നിക്ഷേപകന്റെ അക്കൗണ്ടിൽ ഏകദേശം 29 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായും ആരോപണമുണ്ട്. ഈ ഇടപാടുകൾക്ക് ആവശ്യമായ അനുമതിയോ സ്ഥിരീകരണമോ നൽകിയിട്ടില്ലെന്നാണ് നിക്ഷേപകരുടെ വാദം.

സംഭവത്തിൽ സ്റ്റോക്കലിന്റെ മാതൃസ്ഥാപനമായ ബോർഡർലെസ് അന്വേഷണം നടത്തിവരികയാണ്. ഉപഭോക്താക്കളുടെ ഇ-മെയിൽ അക്കൗണ്ടുകളോ ലോഗിൻ വിവരങ്ങളോ ഫിഷിങ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പിലൂടെ ചോർന്നിരിക്കാമെന്നാണ് കമ്പനിയുടെ പ്രാഥമിക നിഗമനം. എന്നാൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സുരക്ഷാ വീഴ്ചയുണ്ടായതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം, അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനമായ ഡ്രൈവ്വെൽത്ത് (DriveWealth) അനധികൃത ഇടപാടുകൾ സ്റ്റോക്കൽ പ്ലാറ്റ്‌ഫോമിലൂടെയാണ് നടന്നതെന്നും സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സ്റ്റോക്കലിനാണെന്നും വ്യക്തമാക്കി.

സംഭവത്തിൽ ചില നിക്ഷേപകർ സെബിയെയും അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഒരു നിക്ഷേപകൻ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. സ്റ്റോക്കൽ, ബോർഡർലെസ്, ഡ്രൈവ്വെൽത്ത്, എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 100 കോടിയിലേറെ രൂപയുടെ നഷ്ടമെന്ന കണക്ക് പ്രാഥമികമാണെന്നും കൂടുതൽ നിക്ഷേപകർ പരാതിയുമായി എത്തിയാൽ നഷ്ടത്തിന്റെ വ്യാപ്തി ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.