‘ആരോ ലഹരി വലിക്കുന്നു’; കഞ്ചാവിന്റെ ഗന്ധം കാരണം യുഎസ് ഓപ്പൺ മത്സരം നിർത്തി സബലെങ്ക
യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ ശക്തമായ കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക ഒന്നാം നമ്പർ താരം അരീന സബലെങ്ക അൽപ്പസമയം മത്സരം നിർത്തിവെച്ചു. കമില്ല റഖിമോവയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സബലെങ്ക ചെയർ അംപയറോട് പരാതി പറഞ്ഞത്.
ലൂയിസ് ആംസ്‌ട്രോങ് സ്റ്റേഡിയത്തിൽ ആദ്യ സെറ്റിൽ 3-0ന് മുന്നിൽ നിൽക്കുന്നതിനിടെയായിരുന്നു സംഭവം. ഗന്ധം വളരെ ശക്തമാണെന്നും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സബലെങ്ക അംപയറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അധികൃതർ ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാൻ ശ്രമിച്ചു.
എന്നാൽ ഗന്ധം സ്റ്റേഡിയത്തിനുള്ളിൽ നിന്നാണോ സമീപത്തെ പ്രദേശത്തുനിന്നാണോ എത്തിയതെന്ന് വ്യക്തമല്ലെന്ന് പിന്നീട് സബലെങ്ക പറഞ്ഞു. കാറ്റ് സമീപപ്രദേശങ്ങളിൽ നിന്നുള്ള ഗന്ധം സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
മത്സരം പുനരാരംഭിച്ച ശേഷം സബലെങ്ക മികച്ച പ്രകടനം തുടർന്നു. റഖിമോവയെ 6-3, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് സബലെങ്ക യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിലെത്തി.
യുഎസ് ഓപ്പൺ വേദിക്കുള്ളിൽ പുകവലി അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമീപത്തെ ഫ്ലഷിങ് മെഡോസ്–കൊറോണ പാർക്കിൽ നിന്നുള്ള പുകയുടെ ഗന്ധം കാറ്റിനൊപ്പം ടെന്നിസ് കോർട്ടുകളിലേക്ക് എത്തുന്നതാണ് പ്രശ്നത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.