സർവകലാശാലാ പ്രവേശന പരീക്ഷയ്ക്കായി ദക്ഷിണ കൊറിയയിൽ വിമാന സർവീസുകൾ നിർത്തിവെച്ചു
സിയോൾ: രാജ്യത്തെ സർവകലാശാലാ പ്രവേശന പരീക്ഷയുടെ ഭാഗമായി അസാധാരണമായ ക്രമീകരണങ്ങളുമായി ദക്ഷിണ കൊറിയ. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം 35 മിനിറ്റ് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും നിർത്തിവെച്ചു. ഓഹരി വിപണിയുടെ പ്രവർത്തനവും ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. 'സുന്യൂങ്' (Suneung) എന്നറിയപ്പെടുന്ന കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റിന്റെ ഭാഗമായാണ് നടപടി.
ഇംഗ്ലീഷ് ശ്രവണപരീക്ഷ നടക്കുന്ന ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെയാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിമാനങ്ങളുടെ ശബ്ദം പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ ശ്രദ്ധ തെറ്റിക്കാതിരിക്കുകയാണ് ലക്ഷ്യം. ഈ നിയന്ത്രണം 81 അന്താരാഷ്ട്ര സർവീസുകളും 49 ആഭ്യന്തര സർവീസുകളും ഉൾപ്പെടെ 130 വിമാനങ്ങളെ ബാധിച്ചു. നേരത്തേ ആകാശത്തുള്ള വിമാനങ്ങൾ കുറഞ്ഞത് മൂന്ന് കിലോമീറ്റർ ഉയരത്തിൽ പറക്കണമെന്നും നിർദേശിച്ചിരുന്നു.
പരീക്ഷാർഥികൾക്ക് ഗതാഗതക്കുരുക്കില്ലാതെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിനായി സർക്കാർ ഓഫീസുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം വൈകിപ്പിച്ചു. സിയോളിലെ മെട്രോ സർവീസുകളും വർധിപ്പിച്ചു. വൈകിയെത്താൻ സാധ്യതയുള്ള വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ പൊലീസിന്റെ സഹായവും ഏർപ്പെടുത്തി. കൊറിയ എക്സ്ചേഞ്ച് പതിവ് സമയമായ രാവിലെ ഒമ്പതിന് പകരം പത്തിന് വ്യാപാരം ആരംഭിക്കുകയും വൈകിട്ട് 4.30 വരെ പ്രവർത്തിക്കുകയും ചെയ്തു.
ഈ വർഷം 5,51,864 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ 1,312 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പ്രവേശന പരീക്ഷയിലെ മാർക്ക് മികച്ച സർവകലാശാലകളിലെ പ്രവേശനത്തെയും തുടർന്നുള്ള തൊഴിൽസാധ്യതകളെയും സ്വാധീനിക്കുന്നതിനാൽ ദക്ഷിണ കൊറിയയിൽ ഏറെ പ്രാധാന്യത്തോടെയാണ് പരീക്ഷയെ കാണുന്നത്.
അതേസമയം, നിർമിതബുദ്ധി (AI) ഉപയോഗിച്ചുള്ള കോപ്പിയടി തടയുന്നതിനും ഇത്തവണ കർശന നടപടികൾ സ്വീകരിച്ചു. സ്മാർട്ട് ഗ്ലാസുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. പരീക്ഷയ്ക്കിടെ മൊബൈൽ ഫോണുകൾ കൈവശം വെക്കുന്നത് തടയാൻ രാജ്യവ്യാപകമായി അടിയന്തര മൊബൈൽ അലർട്ടുകളും അയച്ചു. വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷയുടെ വിശ്വാസ്യതയും നീതിപൂർവമായ നടത്തിപ്പും ഉറപ്പാക്കാനാണ് ഇത്രയും വിപുലമായ ക്രമീകരണങ്ങൾ.