എസ്എസ്എൽസി പരീക്ഷാഫലം മെയ് 9 ന് പ്രഖ്യാപിക്കും, നടപടിക്രമങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിച്ചു.
ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർത്ഥികൾ റഗുലർ കാറ്റഗറി പരീക്ഷ എഴുതി. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.
ഏപ്രിൽ 3 മുതൽ 26 വരെ 72 കേന്ദ്രങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തിയത്. മാർക്ക് എൻട്രി നടപടിക്രമങ്ങളും പൂർത്തിയായി. മെയ് 9 ന് ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.