എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 9ന്

 
SSLC

തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലം പ്രഖ്യാപിച്ചത്. പതിനൊന്ന് ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷാഫലവും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലവും മേയ് ഒമ്പതിന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം 4,27,105 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

പരീക്ഷാഭവനിൽ ടാബുലേഷൻ ഗ്രേസ് മാർക്ക് എൻട്രി പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്. 4,41,120 പേരാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ 3 മുതൽ ഏപ്രിൽ 24 വരെയായിരുന്നു മൂല്യനിർണയം. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിൽ എഴുപത്തിയേഴ് ക്യാമ്പുകളിലായി ഇരുപത്തയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.

വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ റഗുലർ വിഭാഗത്തിൽ 27,798 പേരും പ്രൈവറ്റ് വിഭാഗത്തിൽ 1,502 പേരും ഉൾപ്പെടെ 29,300 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 18,297 ആൺകുട്ടികളും 11,003 പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാമ്പുകളിലായി 20220 അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്.