ലഡാക്കിൽ ഓഫ്-റോഡിംഗിന് കടുത്ത നിയന്ത്രണം

പാംഗോങ് തടാകത്തിലും വന്യജീവി സങ്കേതങ്ങളിലും വാഹനമോടിച്ചാൽ ₹2 ലക്ഷം വരെ പിഴ
 
Travel

ലേ: പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലഡാക്കിലെ പാംഗോങ് തടാകം, ചാങ്താങ്, നുബ്ര മേഖലകളിലെ സംരക്ഷിത വന്യജീവി ആവാസ വ്യവസ്ഥകളിൽ അനധികൃത ഓഫ്-റോഡിംഗ് നടത്തുന്നവർക്കെതിരെ ലഡാക്ക് ഭരണകൂടം കടുത്ത നടപടി ആരംഭിച്ചു. ആദ്യഘട്ട നടപടിയിൽ നാല് വിനോദസഞ്ചാരികൾക്ക് ആകെ ₹2 ലക്ഷം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

ഓരോ വാഹനത്തിനും ₹50,000 വീതമാണ് പിഴ ചുമത്തിയത്. പാംഗോങ് തടാകത്തിലേക്ക് വാഹനം ഇറക്കി സ്റ്റണ്ട് നടത്തിയതും, സംരക്ഷിത മേഖലകളിൽ ഓഫ്-റോഡിംഗ് നടത്തിയതും, ടിബറ്റൻ ഗസലിനെ വാഹനം ഉപയോഗിച്ച് പിന്തുടർന്നതുമാണ് പ്രധാന കുറ്റങ്ങൾ. പിഴ അടച്ച ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകിയത്. 

വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്നതും തടാകങ്ങളുടെയും പുൽമേടുകളുടെയും പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുന്നതുമാണ് ഇത്തരം പ്രവൃത്തികളെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഭാവിയിലും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി. 

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന വിനോദസഞ്ചാരികളോട് ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യാനും സംരക്ഷിത പ്രദേശങ്ങളിൽ ഓഫ്-റോഡിംഗ് ഒഴിവാക്കാനും അഭ്യർഥിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക് ശക്തമായ ശിക്ഷ തുടരുമെന്നും അദ്ദേഹം അറിയിച്ചു.