വെടിനിർത്തലിന് പിന്നാലെ വീണ്ടും ലെബനനിൽ ആക്രമണം

ഹിസ്ബുള്ള പോരാളികളെ വധിച്ചെന്ന് ഇസ്രായേൽ
 
World

ഇടക്കാല വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ദിവസങ്ങൾക്കകം തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. നബാത്തിയ മേഖലയിലാണ് ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതെന്നും, റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡുകളുമായി ഉണ്ടായിരുന്ന നിരവധി ഹിസ്ബുള്ള പോരാളികളെ വധിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. കൂടാതെ ആക്രമണത്തിന് ഉപയോഗിക്കാനിരുന്ന റോക്കറ്റ് ലോഞ്ചറും തകർത്തതായി സൈന്യം അവകാശപ്പെട്ടു. 

അമേരിക്കയുടെ മധ്യസ്ഥതയിൽ അടുത്തിടെ രൂപംകൊണ്ട സുരക്ഷാ-വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെയാണ് പുതിയ ആക്രമണം. ഇസ്രായേൽ–ലെബനൻ അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായ പിന്മാറ്റത്തിനുമാണ് കരാർ ലക്ഷ്യമിടുന്നത്. എന്നാൽ കരാർ ഹിസ്ബുള്ളയുടെ നിരായുധീകരണവുമായി ബന്ധിപ്പിക്കുന്നതിനെ സംഘടന ശക്തമായി എതിർത്തിട്ടുണ്ട്. 

ഹിസ്ബുള്ള നേതാവ് നയിം ഖാസിം കരാറിനെ "ഇസ്രായേലിന് കീഴടങ്ങലിന് തുല്യം" എന്ന് വിശേഷിപ്പിക്കുകയും അത് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഘടന ആയുധസമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്. 

പുതിയ ആക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നിട്ടുണ്ട്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പരസ്പര ആരോപണങ്ങളും ഇടയ്ക്കിടെയുള്ള സൈനിക നടപടികളും മേഖലയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.